അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ ‘ആത്മ ലഹരിയാവാം പഠനത്തോട്’ പദ്ധതി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്, അരിക്കുളം ഗ്രാമപഞ്ചായത്ത്, വിമുക്തി , ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആത്മ. കെ.പി.എം.എസ് എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ നിർവഹിച്ചു. ആത്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 10 സ്കൂളുകളിലും “ലഹരിയാവാം പഠനത്തോട് ” എന്ന ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്ക്കരണ ക്ലാസും നടന്നു.

ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.വി. നജീഷ് കുമാർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പ്രകാശൻ, പി ടി എ പ്രസിഡന്റ് ടി കെ ശശി, പ്രിൻസിപ്പൽ ഷഫീവ് അലി, പ്രധാനാധ്യാപകൻ കെ പി അബ്ദു റഹിമാൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിൽ നടന്ന പരിപാടികൾക്ക് ജനപ്രതിനിധികളും അധ്യാപകരും നേതൃത്വം നൽകി.