ജില്ലാതല ഭിന്നശേഷി കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതി ഗുണദോക്താവിനുള്ള ഇലക്ട്രിക് ഓട്ടോയുടെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുഖേന നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ത്രീ വീലര്‍ ലൈസന്‍സുള്ള ഭിന്നശേഷിക്കാരുടെ നിര്‍ധനരായ മാതാവിന് ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് ജില്ലയില്‍ നിന്നും ലോക്കല്‍ ലെവല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ഇ.പി സുബൈദയ്ക്കാണ് സ്നേഹയാനം പദ്ധതിയിലൂടെ സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കിയത്.

ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. അശോകന്‍, സീനിയര്‍ ക്ലാര്‍ക്ക് അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. എല്‍.സി.സി കണ്‍വീനര്‍, സാമൂഹ്യനീതി വകുപ്പ് ജീവനക്കാര്‍, ഭിന്നശേഷി സംഘടന പ്രതിനിധികള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയുടെ പ്രതിനിധികള്‍, പുനരധിവാസ മേഖലയിലെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.