കോട്ടയം: മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ആധുനിക ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആധുനിക ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയിൽനിന്ന് വിടുതൽ നേടുന്നതിന് വ്യായാമ കേന്ദ്രങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് മുൻകൈയെടുത്ത ഗ്രാമപഞ്ചായത്തിനെയും കായികവകുപ്പിനെയും മന്ത്രി അഭിനന്ദിച്ചു. ഫിറ്റ്‌നസ് കേന്ദ്രം സ്ത്രീ സൗഹൃദമാകണമെന്നു നിർദേശിച്ച മന്ത്രി വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും പറഞ്ഞു.

കായിക വകുപ്പ് അനുവദിച്ച ഒന്നേകാൽ കോടി രൂപ ചെലവിട്ടാണ് 2500 ചതുരശ്രഅടി വിസ്തീർണത്തിൽ പൂർണമായും ശീതികരിച്ച കേന്ദ്രം സജ്ജമാക്കിയത്. ട്രെഡ്മിൽ, കാർഡിയോ മെഷീനുകൾ, ബെഞ്ച് പ്രസ്, റോവിംഗ് മെഷീൻ, പുൾ ഡൗൺ-പുൾ അപ് മെഷീനുകൾ, പവർ ലിഫ്റ്റിംഗ് തുടങ്ങി മുപ്പതിലധികം ഫിറ്റ്നെസ് ഉപകരണങ്ങളും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

പൈക ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശേരി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി, സ്ഥിരംസമിതി അധ്യക്ഷരായ ടി.ബി. ബിജു, ഇന്ദു പ്രകാശ്, സോജൻ തൊടുകയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ജേക്കബ്, കെ.വി. വിഷ്ണു, നളിനി ശ്രീധരൻ, ജയശ്രീ സന്തോഷ്, സാജോ പൂവത്താനി, ലിൻസി മാർട്ടിൻ, എസ്.എഫ്.കെ ഓപ്പറേഷൻസ് മാനേജർ ആർ. രാധിക, എസ്.എഫ്.കെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. രാജീവ്, അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. ജോസ് ടോം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. എം. ജോസഫ്, രാജൻ കൊല്ലംപറമ്പിൽ, ഇ. സി. ബിജു, ബിജു താഴത്തുകുന്നേൽ, കെ. പി. സജീവ്, കെ. പി.പുന്നൂസ് തുടങ്ങിയവർ പങ്കെടുത്തു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ച വിളക്കുമാടം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിനെയും ചടങ്ങിൽ ആദരിച്ചു.