കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വടകര റസ്റ്റ് ഹൗസിൽ നിയോജക മണ്ഡല മോണിറ്ററിങ് ടീമിന്റെ യോഗം ചേർന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള ഭാഗങ്ങളിലെ ഉപരിതല പുനരുദ്ധാരണ പ്രവൃത്തി മഴക്ക് ശേഷം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൊകേരി കോളേജിലെ 3 ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. തിരുവള്ളൂർ ഗവൺമെൻറ് എം യു പി സ്കൂളിന്റെ പ്രവൃത്തി ടെൻഡർ നടപടികളിൽ ആണെന്നും പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂളിന്റെ പ്രവൃത്തി സാങ്കേതിക അനുമതിക്കായി തയ്യാറായെന്നും അധികൃതർ അറിയിച്ചു. 6.9 കോടി രൂപയുടെ വില്യാപ്പള്ളി ഐടിഐയുടെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി.

ഈ വർഷം ആകെ 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ആയഞ്ചേരി വില്യാപ്പള്ളി റോഡ്, എസ് മുക്ക് വള്ളിയാട് കോട്ടപ്പള്ളി റോഡ്, വട്ടോളി പാതിരിപ്പറ്റ റോഡ്, വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് എന്നീ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനായി സമർപ്പിച്ചിതായും 1.5 കോടി രൂപയുടെ നങ്ങീലണ്ടിമുക്ക് വളയന്നൂർ റോഡ് ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

തുടരനുമതികൾ കിട്ടുന്ന മുറയ്ക്ക് മഴക്കാലത്തിനുശേഷം പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് എം എൽ എ യോഗത്തിൽ നിർദ്ദേശം നൽകി.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ, അസിസ്റ്റൻറ് എൻജിനീയർമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.