മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പരിപോഷണ പരിപാടിക്ക് തുടക്കമായി. സ്വീറ്റ്സ് (SWEETS – Specially Wired English Enrichment for Teachers and Students)എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യഘട്ടത്തിൽ അധ്യാപക ശാക്തീകരണത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്.

മണിയൂരിലെ 26 പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും സ്വയം സന്നദ്ധരായ 32 ടീച്ചർമാർക്ക് ഒരു അധ്യയന വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്.

വിദ്യാലയത്തിലെ അധ്യയന സമയം നഷ്ടപ്പെടുത്താത്ത രീതിയിലാണ് പരിശീലന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.എല്ലാ ദിവസവും ഒരു മണിക്കൂർ ഗൂഗിൾ മീറ്റിൽ അധ്യാപക സംഗമങ്ങളും നടക്കും. ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് അധ്യാപക സംഗമങ്ങൾ നടക്കുക. ഓരോ ആഴ്ചയിലും ഒഴിവു ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷാ വിദഗ്ധരുടെ മേൽനോട്ടത്തിൽ നേരിട്ടുള്ള അധ്യാപക സംഗമങ്ങളും ഉണ്ടാകും.കോഴിക്കോട് ഡയറ്റിന്റെയും ജില്ലാ ഇംഗ്ലീഷ് സെന്ററിന്റെയും നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനങ്ങളും ഇവർക്കായി ഒരുക്കുന്നുണ്ട്.

പരിപാടിയുടെ ഉദ്ഘാടനം മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷ്റഫ് നിർവഹിച്ചു. എൻ കെ ബാലൻ മാസ്റ്റർ ഇംഗ്ലീഷ് ഭാഷ പഠനതന്ത്രങ്ങളും രീതിശാസ്ത്രങ്ങളും അധ്യാപകരെ പരിചയപ്പെടുത്തി.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ,ഉയരെ കോഡിനേറ്റർ ലിനീഷ് വി , പി. ഇ.സി കൺവീനർ ബിനീഷ്.പി എന്നിവർ സംബന്ധിച്ചു. സ്വീറ്റ്സ് കൺവീനർ റിൻഷാദ് കെ സ്വാഗതവും പി കെ ധന്യ നന്ദിയും പറഞ്ഞു.