വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജൂലൈ 15 നുള്ളിൽ സ്ഥലം വിട്ടു നൽകുന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലേരിയിൽ യോഗം ചേർന്നു. നാളെ (ജൂലൈ മൂന്ന്) രാവിലെ 9 മണിക്ക് വില്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തുനിന്ന് കുറ്റ്യാടി എംഎൽഎയുടെ നേതൃത്വത്തിലുള്ള വിവിധ കക്ഷികൾ ഉൾപ്പെടുന്ന ബഹുജന കൂട്ടായ്മ ഭൂവുടമകളെ നേരിട്ട് സന്ദർശിച്ച് നിശ്ചയിച്ച സമയത്തിനകം തന്നെ രേഖകൾ ശേഖരിക്കാൻ തീരുമാനിച്ചു.

കലാസമിതികൾ, വായനശാലകൾ, പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപനങ്ങൾ, പൗര പ്രമുഖർ എന്നിവരെ കൂടി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കാനും ഇതിനായി ബഹുജന കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. 83 കോടി രൂപയ്ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റാണ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. റോഡ് പ്രവൃത്തി നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പിന്തുണ അറിയിച്ചു.

യോഗത്തിൽ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എം വിമല, ആയഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ടിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ലീന, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.