ജില്ലാ മേളയില്‍ 7454  പട്ടയങ്ങള്‍ വിതരണം ചെയ്തു

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അറിയിച്ചു.  ജില്ലാ തല പട്ടയമേള കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ അഞ്ചിന് പട്ടയ അസംബ്ലിക്ക് തുടക്കമാകും. അപേക്ഷ കൊടുത്തിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പട്ടയം കിട്ടാത്തതും അപേക്ഷ പോലും നല്‍കാത്തതുമടക്കം സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരുടെയും പ്രശ്‌നങ്ങള്‍ ഈ പട്ടയ അസംബ്ലിയില്‍ പരിഗണിക്കും.

ഓരോ മണ്ഡലത്തിലും വിതരണം ചെയ്യാന്‍ കഴിയുന്ന ഭൂമി ചൂണ്ടിക്കാണിക്കുന്നതടക്കമുളള കാര്യങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ മണ്ഡലത്തിലെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലഭ്യമാക്കാന്‍ കഴിയുന്ന ഭൂമിയുടെ വിവരം എന്നിവയെല്ലാം റവന്യവകുപ്പിന്റെ ഡാഷ്‌ബോര്‍ഡിലേക്ക് നല്‍കും. ഇവ ക്രോഡീകരിച്ച് ആവശ്യമായ നടപടികള്‍ സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്യും.

പട്ടയ വിതരണത്തിനായി അദ്ഭുതകരമായ പ്രവര്‍ത്തനമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1,23,000 പേര്‍ക്ക് പട്ടയം നല്‍കി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന മുദ്രാവാക്യം മനസ്സിലുരുവിട്ട് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടം. ഒന്നാം പിണായി സർക്കാരിന്റെ കാലത്ത് 1,77,000 കുടുംബങ്ങളെയാണ് ഭൂമിയുടെ അവകാശികളാക്കിയത്. എങ്കിലും ഇതും പോര, ഇനിയും തീര്‍ന്നില്ല എന്ന ബോധ്യം സര്‍ക്കാരിനുണ്ട്. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു തുണ്ട് ഭൂമി സ്വന്തമായി ഉണ്ടാക്കിക്കൊടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അതിനായി പട്ടയ മിഷന് രൂപം നല്‍കി. സംസ്ഥാന തലത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ഏഴ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അടങ്ങിയ നിരീക്ഷണ സമിതി രൂപീകരിച്ചു. അഞ്ച് തട്ടിലുള്ള സംഘടനാ സംവിധാനമാണ് പട്ടയ മിഷനുള്ളത്.

ഇതിന്റെ ഭാഗമായി ജില്ലാ താലൂക്ക് തലത്തില്‍ ദൗത്യ സംഘത്തെ നിശ്ചയിച്ച് ആവശ്യമായ ജീവനക്കാരെ നിയോഗിച്ചു. താലൂക്ക് ലാന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ സെല്ലുകളും രൂപീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി ഒരു പ്രത്യേക സെല്‍ ഉണ്ടാകും. കെ എ എസ് കാഡറിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ തലവന്‍. ഉടന്‍ തന്നെ ഈ നിയമനം നടക്കും. ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് ടാര്‍ഗറ്റ് നിശ്ചയിച്ചായിരിക്കും പ്രവര്‍ത്തനം. ഭൂപരിധി നിയമത്തിന് വിരുദ്ധമായി തട്ടിപ്പ് നടത്തി അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് എത്ര വലിയവനായാലും അത് പിടിച്ചെടുക്കും. ഇത്തരം ഭൂമി പാവപ്പെട്ട ഭൂരഹിതര്‍ക്ക് നല്‍കും. സ്വന്തം ഭൂമി അടയാളപ്പെടുത്തുക, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ റീ സര്‍വ്വെ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

രാജ്യത്ത് ആദ്യമായി ആധാര്‍-തണ്ടപ്പേര്‍ കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പിലാക്കാന്‍ പോകുകയാണ്. സര്‍കാരിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ ഭൂമി കൈവശം വെക്കുന്നവരുടെ കയ്യില്‍ വിലങ്ങ് വീഴും. റവന്യു വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈനായി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ഒരു മാഫിയ രംഗപ്രവേശം ചെയ്തിട്ടുണ്ട്. തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളുടെ അജ്ഞത മുതലെടുത്ത് അവരെ ചൂഷണം ചെയ്യാനുമാണ് ഇക്കൂട്ടരുടെ ശ്രമം.

റവന്യു ഓഫീസുകള്‍ക്ക് ചുറ്റുമായി ഇത്തരം ചില ഏജന്റുമാര്‍ വട്ടമിട്ടു പറക്കുന്നുണ്ട്. ശകതമായി ഇവരെ നേരിടും. ഇതിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ ഓണലൈന്‍ സേവനങ്ങള്‍ പ്രാപ്യമാക്കാന്‍ റവന്യു ഇ സാക്ഷരത പരിപാടി നടപ്പിലാക്കാന്‍ സർക്കാർ  ഉദ്ദേശിക്കുന്നു. നവംബര്‍ ഒന്നിന് ഈ പ്രവര്‍ത്തനം ആരംഭിക്കും. സാക്ഷരത പ്രവര്‍ത്തനത്തിന്റെ മാതൃകയില്‍ മുഴുവന്‍ കുടുംബങ്ങളിലെയും ചുരുങ്ങിയത് ഒരാളെയെങ്കിലും ഓണ്‍ലൈന്‍ സേവനത്തിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം-റവന്യു വകുപ്പ് മന്ത്രി വ്യക്തമാക്കി.

പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വാഗതവും എ ഡി എം കെ കെ ദിവാകരന്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ മൂന്ന് ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ നിന്നുള്ള പട്ടയങ്ങള്‍, ആര്‍ ആര്‍ തലശ്ശേരി, ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍, അസൈന്‍മെന്റ് പട്ടയങ്ങള്‍, മിച്ചഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 7454  പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കായപ്പൊയില്‍ എസ് ടി കോളനിയിലുള്ള അഞ്ച് പേര്‍ക്കും, തോലമ്പ്ര വില്ലേജിലെ പുരളിലയിലുള്ള എസ് ടി വിഭാഗത്തില്‍പ്പെട്ട ഏഴ് പേര്‍ക്കുമുള്ള കൈവശ രേഖയും വിതരണം ചെയ്തു. ലാന്റ് ട്രൈബ്യൂണല്‍ പയ്യന്നൂര്‍-1817, ലാന്റ് ട്രൈബ്യൂണല്‍ കൂത്തുപറമ്പ്- 3054, ലാന്റ് ട്രൈബ്യൂണല്‍ ഇരിട്ടി-1848, ആര്‍ ആര്‍ തലശ്ശേരി-65, ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍-300, അസൈന്‍മെന്റ് പട്ടയങ്ങള്‍- 304, മിച്ചഭൂമി പട്ടയങ്ങള്‍- 66 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ അനുവദിച്ചത്.