സമ്പൂര്‍ണ ശുചിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കണം. ഉറവിട മാലിന്യ സംസ്‌കരണത്തിന് വ്യക്തികള്‍ സന്നദ്ധമാകണം. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ശുചിത്വ സാക്ഷരതയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്‌ക്വാഡ് രൂപീകരിച്ച് രാത്രി കാലങ്ങളില്‍ ഉള്‍പ്പടെ നിരീക്ഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
വിഷ രഹിത ഭക്ഷണവും മാലിന്യമുക്തമായ പരിസ്ഥിതിയും ഉറപ്പുവരുത്താന്‍ സമൂഹത്തിന് സാധിക്കണം. ഓരോ വീട്ടിലും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് ശീലമാക്കണം. ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. പഞ്ചായത്തുകള്‍ അയല്‍ക്കൂട്ടങ്ങളിലും വാര്‍ഡ്തല സമിതികളിലും ബോധവല്‍ക്കരണത്തിന് അവസരമൊരുക്കണം. സീറോ വേസ്റ്റ് കോഴിക്കോട് നേരത്തേ യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നു. നിപ വൈറസ് ബാധയും കാലാവസ്ഥ ദുരന്തവുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. മാലിന്യ സംസ്‌ക്കരണത്തിനും ശുചിത്വം ഉറപ്പുവരുത്താനും എല്ലാവരും കൈകോര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി അധ്യക്ഷത വഹിച്ചു.