തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ തിരൂരങ്ങാടി മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്ന് കോളനികളിലാണ് ഇരട്ട വീടുകളുള്ളത്. കോളനികളുടെ നവീകരണത്തിനായി പ്രത്യേക യോഗം ചേരും. എല്ലാവർക്കും വാസയോഗ്യമായ വീട് ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥലം അളക്കുന്നതിന് വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി സർക്കാർ ലക്ഷ്യമാണ്. ഫിഷറീസ് സർവകലാശാലക്ക് കീഴിൽ കൂടുതൽ കോളേജുകൾ ആരംഭിക്കും. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാർ ലക്ഷ്യം. അതിനായി ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
തീരസദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ ജനപ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. ഫിഷറീസ് വകുപ്പ്, മൽസ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി നൽകുന്ന 16,62,352 രൂപയുടെ ആനുകൂല്യങ്ങൾ മന്ത്രി വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മണ്ഡലത്തിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
കെപിഎ മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ, വൈസ് ചെയപേഴ്സൺ കെ ഷഹർബാനു, ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, അംഗം പിപി സൈതലവി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പിവി മുസ്തഫ, കെപി മുഹ്സിന, അംഗം മഞ്ജുഷ പ്രലോഷ്, ഫിഷറീസ് മാനേജ്മെൻ്റ് കൗൺസിൽ അംഗം ഉമ്മർ ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു.