താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു.

താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് താനൂർ മുനിസിപ്പാലിറ്റി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പരിധികളിൽ വരുന്ന സർക്കാർ ഭൂമി, പുറമ്പോക്ക് ഭൂമി എന്നിവ കണ്ടെത്തി അടിയന്തരമായി വ്യക്തിഗത വീടുകൾ, ഭവന സമുച്ചയങ്ങൾ എന്നിവ നിർമ്മിച്ച് നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ച് ചേർക്കുന്നതിന് മന്ത്രി നിർദേശം നൽകി.
ചടങ്ങിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 276 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മത്സ്യബന്ധനത്തിനിടെ അപകട മരണം സംഭവിച്ച 12 മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് 1,80,000 രൂപയും സാഫ് പദ്ധതി പ്രകാരം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അഞ്ച് മത്സ്യത്തൊഴിലാളി വനിതകൾക്ക് 4,63,638 രൂപയും വിതരണം ചെയ്തു.