- പാര്‍ശ്വഭിത്തി നിര്മാണം നാലു മാസത്തിനകം പൂര്ത്തിയാക്കണം
- കരാര് വ്യവസ്ഥകള് പാലിച്ചില്ലെങ്കില് ടോള് പിരിവ് നിര്ത്തിവയ്പ്പിക്കും
- സര്വീസ് റോഡ് പൂര്ണമായും ഗതാഗത യോഗ്യമാക്കണം
ദേശീയപാത 544ല് കുതിരാന് തുരങ്കത്തിന് സമീപം വഴുക്കുംപാറയില് വിള്ളല്കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില് പൂര്ണമായും പുനര്നിര്മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന് ദേശീയപാത അധികൃതര്ക്ക് നിര്ദ്ദേശം നല്കി. വിള്ളലുണ്ടായ ഭാഗത്ത് ടാറിംഗ് നടത്തിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന അടിയന്തര യോഗത്തിലാണ് നിര്ദ്ദേശം. മഴക്കാലം പരിഗണിച്ച് വിള്ളലുകള് അധികമാവാതിരിക്കാന് അടിയന്തര നടപടികള് കൈക്കൊള്ളണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയില് ശക്തമായ പാര്ശ്വഭിത്തി നിര്മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്ത്തീകരിക്കാനും മന്ത്രി നിര്ദ്ദേശം നല്കി. അതുവരെ വിള്ളലുണ്ടായ ഭാഗത്ത് ഓരോ ലെയിന് വഴി മാത്രം വാഹനങ്ങള് കടത്തിവിടും.