പൊതു വിദ്യാഭ്യാസത്തിന് സർക്കാർ എത്ര വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളതെന്ന് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടാൽ മനസ്സിലാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്ഷര കൈരളി അനുമോദന സദസ്സ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അതിവൈദഗ്ദ്ധ്യമുള്ള അധ്യാപകരും അതിനുതകുന്ന വിധത്തിലുള്ള ക്ലാസ് മുറികളും അതിനെ അവതരിപ്പിക്കാൻ കഴിയുന്ന സിലബസും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ്. മക്കൾ ആരാകണം എന്ന ചോദ്യത്തിന് മക്കൾ മനുഷ്യരാകണം എന്ന മറുപടിയാണ് രക്ഷിതാക്കൾ നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മതിലകം പള്ളിവളവ് സാൻജോ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി.
മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷരകൈരളിയുടെ ആഭിമുഖ്യത്തിൽ അക്ഷര കൈരളി അനുമോദന സദസ്സ് 2023 ൽ എസ്എസ്എൽസി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ആദരിച്ചു. 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും വർഷംതോറും നൽകിവരുന്ന എംഎൽഎ അവാർഡ് ഇത്തവണ 658 പേർക്ക് നൽകി.
പരിപാടിയോടനുബന്ധിച്ച് ഉന്നത പഠന സാധ്യതകൾ എന്ന വിഷയത്തിൽ ഇൻകം ടാക്സ് ജോയിൻറ് കമ്മീഷണറും പ്രഗൽഭ മോട്ടിവേറ്ററുമായ ജ്യോതിസ് മോഹൻ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.