ഒരുകോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു
നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികല്ലായി മാറിയ കട്ടിലപ്പൂവ്വം ഗവ. ഹയർസെക്കൻഡറി സ്കൂളിന് ചരിത്രനിമിഷം. സ്കൂളിൻറെ സ്വപ്ന പദ്ധതിയായിരുന്ന പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് 2020 – 21ൽ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി വിഭാഗത്തിനായി നവീകരിച്ച ശിശു സൗഹൃദ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുകയെന്നതാണ് സർക്കാരിൻ്റെ പ്രാഥമിക ലക്ഷ്യം എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ക്ലാസ് റൂമുകളുടെ മികവിലും സാങ്കേതികതയിൽ ഊന്നിയ വിദ്യാഭ്യാസത്തിലും കേരളം ഒന്നാമതാണ്. വിദ്യാർഥികൾക്കായുള്ള ശുചിത്വസൗകര്യങ്ങൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള സൗകര്യങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്ന ഓരോ തുകയും ഭാവി തലമുറയ്ക്ക് ഉള്ള മൂലധന നിക്ഷേപമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദ്യാഭ്യാസമേഖലയ്ക്കായി ഇനിയും ഏറെ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ സ്കൂളുകളിൽ ആരംഭിക്കും. തുടർന്നും കട്ടിലപൂവം സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുമെന്നും മന്ത്രിയുറപ്പ് നൽകി.
അഭിരുചിക്ക് അനുസരിച്ച് സ്വാതന്ത്ര്യത്തോടെ മക്കളെ വളർത്തണമെന്ന് രക്ഷിതാക്കളോടായി മന്ത്രി പറഞ്ഞു. മക്കളെ മനുഷ്യരായി വളർത്തുകയാണ് മറ്റെന്തിനെക്കാളും പ്രാധാന്യം അർഹിക്കുന്നത്. നന്മയുടെ നാൾവഴികളിലേക്ക് പുതിയ തലമുറയെ കൈപിടിച്ച് നടത്തണം. കച്ചവട താൽപര്യം മുന്നിൽ നിൽക്കുന്ന ഈ കാലത്ത് പഴയ തലമുറ നൽകിയ നന്മകൾ കാണാൻ കഴിയണമെന്ന്, സ്കൂളിനായി സ്ഥലം അനുവദിച്ച ഉറുമ്പിൽ പൈലിയെ സ്മരിച്ചുകൊണ്ട് മന്ത്രി കെ രാജൻ പറഞ്ഞു. ഉറുമ്പിൽ പൈലിയുടെ ഫോട്ടോ അനാച്ഛാദനവും, മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരദാനവും പരിപാടിയോട് അനുബന്ധിച്ച് നടന്നു.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി കെ ഡേവിസ് മാസ്റ്റർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് ഇന്ദിരാ മോഹൻ, വൈസ് പ്രസിഡന്‌റ് സണ്ണി ചെന്നിക്കര, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ കെ എം ഏലിയാസ്, ഹെഡ്മിസ്ട്രസ് സുധ ആർ, പിടിഎ പ്രതിനിധികൾ, സ്കൂൾ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.