കാലത്തിൻറെ വ്യത്യസ്തതകളെ തിരിച്ചറിയുന്ന, ജീവിതത്തെ സധൈര്യം നേരിടുന്ന തലമുറയെയാണ് പുതിയ കാലത്തിന് ആവശ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് ഗവ. എച്ച് എസ് സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം 2023 പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തളർച്ചകളിൽ പതറാതെ മാനോബല മുള്ളവരായി മാറണം. വിദ്യാർത്ഥികൾക്കിടയിൽ ജീവിതനൈരാശ്യം പല രീതിയിൽ പിടിമുറുക്കുന്നത് വേദനാജനകമാണ്. അധീരന്മാരാകുന്ന തലമുറയല്ല നമുക്കാവശ്യം. വിശാലമായ ലോകത്ത് ജീവിതത്തെ പഠിച്ചും അറിയും അനുഭവിച്ചും പുതിയ കാലത്തെ സ്വീകരിക്കുന്ന മക്കളായി മാറണം. വിദ്യാർഥികൾ ജീവിതത്തിൽ എന്താകണമെന്ന ഉറച്ച തീരുമാനമെടുക്കാനുള്ള ശേഷി സ്വയം ആർജ്ജിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറര കോടി രൂപയുടെ വികസനത്തിനാണ് പട്ടിക്കാട് സ്കൂൾ വേദിയാകുന്നതെന്ന് മന്ത്രി കെ രാജൻ പരാമർശിച്ചു. മൂന്നു കോടി 35 ലക്ഷം രൂപ ചെലവഴിച്ച പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചു. സ്റ്റേഡിയം നിർമ്മാണവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.

വിജയോത്സവം പരിപാടിയിൽ പട്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡഡന്‌റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്തംഗം ആനി ജോയ്, സ്കൂൾ പ്രിൻസിപ്പാൾ എസ് എസ് സിന്ധുഷ, പ്രധാന അധ്യാപിക ഷൈലജ വി.കെ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ചെയർമാൻ പി.വി സുദേവൻ, എം പി ടി എ പ്രസിഡൻറ് സുനിത കെ എസ്, പിടിഎ പ്രസിഡൻറ് ജയ്സൺ സാമുവൽ, എച്ച്എസ്എസ് വിഭാഗം സീനിയർ അസിസ്റ്റൻറ് സിജി എൻ ബി, സ്റ്റാഫ് സെക്രട്ടറി സിനി മോൾ തുടങ്ങിയവർ പങ്കെടുത്തു.