• ചെറുകുന്ന് ജിഎൽപി സ്കൂളിലെ പുതിയ ഇരുനില കെട്ടിടം നാടിന് സമർപ്പിച്ചു
  • നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി
ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പുത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് ജിഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു. മികച്ച വിദ്യാഭ്യാസത്തിലൂടെ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ ചരിത്രത്തിൽ കഴിഞ്ഞ ഏഴു വർഷക്കാലത്തെ സുവർണ്ണ ലിപികളിലാണ് എഴുതിച്ചേർത്തിരിക്കുന്നത്, ഇക്കാലയളവിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3800 കോടി രൂപ ചിലവഴിക്കാനായി. ചുരുങ്ങിയ കാലത്തിനുള്ളിൽ നടത്തിയ ഈ നിക്ഷേപം ചരിത്രമാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിൽ കേരളം ഏറെ മുൻപന്തിയിൽ ആണെന്നും മന്ത്രി കൂട്ടി ചേർത്തു.

വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുന്നതിനൊപ്പം അക്കാദമിക മികവിലും മാറ്റം വരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഒരു കോടി രൂപ എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് ചെറുകുന്ന് സ്കൂളിലെ ചിരകാല സ്വപ്നമായിരുന്ന പുതിയ ഇരുനില കെട്ടിടം യാഥാർത്ഥ്യമായത്. വിദ്യാഭ്യാസ മേഖലയിൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ മാത്രം 13 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നഗരതുല്യമായ എല്ലാം സജ്ജീകരണങ്ങളും പുത്തൂരിൽ ഇന്നുണ്ട്. നഗരം പുത്തൂരിനെ അന്വേഷിച്ചു വരുന്ന കാലം വിദൂരമല്ലെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.

പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‌റ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് കെ ആർ രവി, പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ നജീബ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശ്വതി സുനീഷ്, ഒല്ലൂകര ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത്ത് പി എസ്, നളിനി വിശ്വംഭരൻ, ലിബി വർഗീസ്, സുജിത അർജുനൻ, എ ഇ ഒ പിഎം ബാലകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സജി പി എൻ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.