കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം.
നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്. പയ്യന്നൂര്‍ തുറവയല്‍ മുതല്‍ ഉളിയത്തു കടവ് വരെയുള്ള ഭാഗങ്ങള്‍ ശുചീകരിച്ചു.
നാരങ്ങാത്തോടിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ തോട് സംരക്ഷിക്കണമെന്നത് പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം തോട്ടില്‍ കലരാതിരിക്കാനുള്ള സംവിധാനമൊരുക്കുകയാണ് നഗരസഭ.നഗരസഭയുടെ കേളോത്ത് മെയിന്‍ റോഡിന് സമീപത്തുള്ള ഏഴ് സെന്റില്‍ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുമെന്ന് നഗരസഭാധ്യക്ഷ കെ വി ലളിത പറഞ്ഞു.
ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി ശുചിത്വമിഷന്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചതായും അവര്‍ പറഞ്ഞു. പാലക്കാടുള്ള ഐആര്‍ടിസി എന്ന സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയത്. അംഗീകാരം ലഭിച്ചയുടന്‍ പ്രവൃത്തി ആരംഭിക്കും.
നഗരസഭാധ്യക്ഷ കെ വി ലളിതയും സംഘവും പ്രദേശം സന്ദര്‍ശിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി വി സജിത, വി ബാലന്‍, ടി വിശ്വനാഥന്‍, കൗണ്‍സിലര്‍ എം ബഷീര്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സി സുരേഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ്‌ലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.