സംസ്ഥാനത്ത് പൊതുമരമത്ത് വകുപ്പിന് കീഴിലുള്ള അമ്പത് ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദീർഘകാലം ഈട് നിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള റോഡുകൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ചെലവ് കൂടിയതും ആധുനിക രീതിയിലുള്ളതുമായ ബിഎം ആന്റ് ബിസി നിലവാരത്തിൽ റോഡുകൾ ടാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച പേരാമ്പ്ര- ചേനോളി- നൊച്ചാട്- എക്കാട്ടൂർ- തറമ്മൽ അങ്ങാടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 17,174 കിലോ മീറ്റർ പൊതുമരാമത്ത് റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി. കേരളത്തിന്റെ പഞ്ചാത്തല വികസനവും ടൂറിസവും പുതിയ തലങ്ങളിലേക്ക് ഉയരുകയാണ്. 2025 ഓടെ ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കും. മലയോര ഹെെവേയും തീരദേശ ഹെെവേയും കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 133.68 കിലോ മീറ്റർ മലയോര ഹെെവേയുടെ പ്രവൃത്തി പൂർത്തിയായി കഴിഞ്ഞെന്നും തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള തീരദേശ പാത യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോഡ്സ് ഡിവിഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 8.56 കിലോ മീറ്റർ ദൂരത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തു നിന്നും തറമ്മലങ്ങാടിവരെ റോഡ് നിർമ്മിച്ചത്. 10 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം. റോഡിനോട് ചേർന്ന് കലുങ്കുകളും, അഴുക്കുചാലുകളും നിർമ്മിച്ചിട്ടുണ്ട്. ആവശ്യമുള്ളയിടങ്ങളിൽ സെെൻ ബോർഡുകളും റോഡ് മാർക്കിംഗുകളും നൽകി സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, വിവിധ പഞ്ചായത്തു പ്രസിഡന്റുമാരായ എ.എം സുഗതൻ മാസ്റ്റർ, ശാരദ പട്ടേരിക്കണ്ടി, ടി.പി ദാമോദരൻ മാസ്റ്റർ, വി.കെ പ്രമോദ്, വെെസ് പ്രസിഡന്റുമാരായ കെ.പി രജനി, പി.എം കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ അബനീഷ്, പഞ്ചായത്തംഗം വി.പി അശോകൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. റോഡ്സ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയശ്രീ യു.പി സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജി പി.കെ നന്ദിയും പറഞ്ഞു.