സംസ്ഥാന വയോജന നയ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടരഞ്ഞിയെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആയി ഉയർത്തുന്നു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് നൽകുന്നതോടൊപ്പം അവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പരിഗണന നൽകി മികച്ച ജീവിത സാഹചര്യവും ഒരുക്കുന്നതിനുമാണ് വയോജന നയം നടപ്പാക്കി വരുന്നത്.

വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് പദ്ധതി, വയോജന അയൽക്കൂട്ടം, വാർഡ് തല വയോ ക്ലബ്ബുകൾ, പഞ്ചായത്ത് തല വയോ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം, ഘടന രൂപീകരണം എന്നിവയെ കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു. ജൂലൈ 20നകം പഞ്ചായത്തിലെ 14 വർഡുകളിലായി 50 വീടുകൾക്ക് ഒരു അയൽക്കൂട്ടം എന്ന നിലയിലും അതിൽ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങൾ ചേർന്ന് ഒരു വർഡിൽ ഒരു വയോക്ലബ്ബ് ആരംഭിക്കുന്നതിനും തീരുമാനമെടുത്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റോസ് ലി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ് രവീന്ദ്രൻ, ജോസ് തോമസ്, വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്, സീന ബിജു, ജെറീന റോയ്, ബിന്ദു ജയൻ, ബാബു മൂട്ടോളി തുടങ്ങിയവർ പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പർവൈസർ ഫസ് ലി സ്വാഗതവും ആസൂത്രണ സമിതി അധ്യക്ഷൻ ജിജി കട്ടക്കയം നന്ദിയും പറഞ്ഞു.