വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വരുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റ്  “തണലൊരുക്കം” പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനവും പി.ടി.എ ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 കോളേജുകൾ കേരളത്തിലാണുള്ളത്. ഇത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വാപന്നാം പൊയിലിൽ താമസിക്കുന്ന ചാത്തൻ കൊറ്റി അമ്മക്കാണ് ഐ.എച്ച്.ആർ.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റ് വീട് നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. നാഷണൽ സർവീസ് സ്കീം എസ്.എൻ.ഒ ഡോ. അൻസർ ആർ. എൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. രാധിക. കെ. എം റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജെ.ഡി. അബ്ദുറഹ്മാൻ മാസ്റ്റർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. അരവിന്ദൻ, മെമ്പർ ഫസീല ഹബീബ്, എൻ എസ് എസ് കോർഡിനേറ്റർ സി ആർ അജിത് സെൻ, പി ടി എ വൈസ് പ്രസിഡന്റ് മദാരി ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി എ അരുൺ കുമാർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലക്ഷ്മി പ്രദീപ് നന്ദിയും പറഞ്ഞു.