ഉൾനാടൻ മത്സ്യ കർഷകർക്ക് സഹായമേകാൻ പേരാമ്പ്രയിൽ ക്ലസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ ഓഫീസ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം നിർവഹിച്ചു.
ഉൾനാടൻ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയിൽ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതി, ജനകീയ മത്സ്യകൃഷി, പി.എം.എം.എസ്.വൈ, തദ്ദേശസ്വയംഭരണ വകുപ്പ് വാർഷിക പദ്ധതി മുതലായ പദ്ധതികൾ മുഖേനെ ജില്ലയിലെ മത്സ്യ കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും, വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലസ്റ്റർ ഓഫീസിന് രൂപം നൽകിയത്.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സജീവൻ കെ ശശികുമാർ പേരാമ്പ്ര, രജിത പി കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ വിനോദൻ, പി ടി അഷ്റഫ്, അജിത കെ, സെക്രട്ടറി കാദർ പി, കർഷക പ്രതിനിധി ആലിയോട് മജീദ് എന്നിവർ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ സ്വാഗതവും എ എഫ് ഒ ഷിജു നന്ദിയും പറഞ്ഞു.