കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്ത് പൗരാവലിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെയാകെ അണിനിരത്തി കേരളം നടത്തിയ കോവിഡ് പ്രതിരോധത്തിന് സമാനതകളില്ലെന്ന് മന്ത്രി പറഞ്ഞു. മാനവിക മൂല്യങ്ങളെന്തെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത നാളുകളായിരുന്നു അത്. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്നു. ലോകത്തിനു തന്നെ മാതൃകയായ ഈ പ്രവർത്തനത്തിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് പോരാളികൾക്കുള്ള പൗരാവലിയുടെ ഉപഹാരങ്ങൾ മന്ത്രി സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗം സി എം സതീദേവി ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഗംഗാധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി ട്രഷറർ സി സി ബാവ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ജോഷി, ആർ ആർ ടി കോർഡിനേറ്റർ ഷാക്കിർ എങ്ങാട്ടിൽ, എന്നിവർ മറുപടി പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.സുഷമ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം വിമ്മി എറുകാട്ടിൽ നന്ദിയും പറഞ്ഞു.