വാടാനപ്പള്ളി ഗവ. സ്റ്റാർസ് പ്രീ പ്രൈമറി സ്കൂളിന്‍റെയും നവീകരിച്ച സ്മാർട്ട്‌ ക്ലാസ് റൂമുകളിടെയും ഫർണീച്ചറുകളുടെയും ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. ബിആർസി ട്രെയിനർ ശ്രീചിത്രകുമാർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. 10 ലക്ഷം രൂപ വിനിയോഗിച്ച് സർവ്വശിക്ഷ കേരളയാണ് പ്രവർത്തനങ്ങൾ നടത്തിയത്.

അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രീ പ്രൈമറി സ്കൂൾ നവീകരിച്ചിട്ടുള്ളത്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കളികളിലൂടെയും അനുഭവത്തിലൂടെയും അറിവിന്റെ പുതിയൊരു ലോകം സമ്മാനിക്കാൻ സ്കൂളിൽ ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് സാധിക്കുന്നുണ്ട്. ശിശു സൗഹാർദ്ദപരമായ മികച്ച സൗകര്യങ്ങൾ ഒരുക്കി സ്മാർട്ടായിരിക്കുകയാണ് സ്കൂൾ.

ഹെഡ്മിസ്ട്രസ് ടി എസ് സജീന, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം നിസാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രന്യ ബിനേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് സബിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഭഗീഷ് പൂരാടൻ, ഇബ്രാഹിം പടുവിങ്ങൽ, എ ബി സുരേഷ്, ജിനി ടീച്ചർ, പഞ്ചായത്ത്‌ മെമ്പർമാർ, പിടിഎ പ്രസിഡന്റ്‌ സി ആർ രമേഷ് തുടങ്ങിയവർ പങ്കെടുത്തു.