ഡോക്ടേഴ്സ് ദിനത്തിൽ ബസ്സിൽ കുഴഞ്ഞുവീണ സഹയാത്രികനെ മാതൃകാപരമായി അടിയന്തര ശുശ്രൂഷ നൽകി രക്ഷിച്ച ഡോക്ടറെയും ബസ് ജീവനക്കാരെയും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ആദരിച്ചു. മെഡിക്കൽ കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. ആദരണ സദസ്സ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജീവൻ രക്ഷിക്കുന്നതിനായി മാതൃകാ പ്രവർത്തനം നടത്തിയ ഡോക്ടർ രാജേഷിനെയും ബസ് ജീവനക്കാരായ ജിജിത്തിനെയും പ്രകാശനെയും ആദരിച്ചു. വടക്കേ സ്റ്റാൻഡിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമദ്ധ്യേയാണ് രഘു കുഴഞ്ഞുവീഴുന്നത്. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചപ്പോൾ ഡോക്ടർ രാജേഷ് രോഗിയുടെ പള്‍സ് പരിശോധിച്ച് സിപിആര്‍ നല്‍കി. ബസിൽ നിന്നും യാത്രക്കാരെ ഇറക്കി രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവിനൊപ്പം ഡോക്ടറും ജനറല്‍ ആശുപത്രിയിലെത്തിച്ചു. യാത്രയിലുടനീളം ഡോക്ടര്‍ സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. തുടർന്ന് നില മെച്ചപ്പെട്ട ശേഷം ആംബുലന്‍സില്‍ കയറ്റി ഡോക്ടര്‍ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.
ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീല, മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഡോ രാധിക, ഡോ രവി, അവണൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, വ്യാപാരി വ്യവസായ സമിതി അത്താണി യൂണിറ്റ് പ്രസിഡൻ്റ് ബൈജു, വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർമാരായ മധു അമ്പലപുരം, ഷൈലജ സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.