ഫോറസ്റ്റ് ഡിപ്പാട്ട്മെൻ്റും തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ ലക്ഷ്യം കൈവരിക്കും

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ എന്ന മലയോര ഗ്രാമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ മുന്നേറ്റം. കഴിഞ്ഞ 7 വർഷങ്ങളായി വിവിധ കാരണങ്ങളാൽ പ്രവൃത്തി നടത്താതിരുന്ന ചിമ്മിനി ഡാം പ്രദേശത്ത് വീണ്ടും തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നു. ഇതോടെ തോട്ടംമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം മലയോര ജനതയ്ക്കാണ് പുതിയൊരു ഉപജീവനമാർഗ്ഗം തെളിയുന്നത്. വനം വകുപ്പും തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജന പ്രവൃത്തികളിലൂടെ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങളും ജനറൽ വിഭാഗത്തിന് 100 ദിനങ്ങളും ഉറപ്പ് വരുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് അവരുടെ സങ്കേതങ്ങളിലോ പരിസരപ്രദേശങ്ങളിലോ തൊഴിൽ നല്കുക എന്ന വെല്ലുവിളിക്കാണ് ഇതോടെ പരിഹാരമാവുന്നത്.

വൃക്ഷത്തൈ നടീൽ, മഴക്കുഴി നിർമ്മാണം, മണ്ണ് ജലസംരക്ഷണ പ്രവർത്തികൾ, നഴ്സറി നിർമ്മാണം, ഡ്രയിനേജ് സംവിധാനമൊരുക്കൽ എന്നിങ്ങനെ വിവിധ പ്രവൃത്തികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1459 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് തൊഴിൽ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള 64 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 200 ദിവസവും ജനറൽ വിഭാഗത്തിൽ 30 കുടുംബങ്ങൾക്ക് 100 ദിവസം ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.

വനത്തിനകത്ത് ഫലപ്രദമായി തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പുവരുത്തുന്ന മാതൃകാപരമായ പദ്ധതിയുടെ തുടക്കമാണിതെന്ന് പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കെ കെ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. മാതൃകാപരമായ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇത്തരം മുന്നേറ്റങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ സർവ്വ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംആർ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് ഷീലാ മനോഹരൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിതാ സുധാകരൻ, വൈസ് പ്രസിഡണ്ട് ടി ജി അശോകൻ, ബി ഡി ഒ പി ആർ അജയഘോഷ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.