കുടുംബശ്രീ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ കമ്പളം കാര്‍ഷികോത്സവം സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്തിലെ കല്‍പെട്ടി ഊരിലാണ് കമ്പളം ഒരുക്കിയത്. കൃഷിയോടനുബന്ധിച്ച് നൂറ്റാണ്ടുകളായി ആദിവാസി സമൂഹം ആചരിച്ചുവരുന്ന ചടങ്ങാണ് കമ്പളം. പഞ്ചകൃഷിക്കായി നിലമൊരുക്കുകയും വിത്തിടുകയും ചെയ്യുന്നതാണ് കമ്പളം. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, ജെ.എല്‍.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കര്‍ഷകര്‍, ഊരു സമിതി, സി.ആര്‍.പി (കമ്മ്യൂണറ്റി റിസോഴ്‌സ് പേഴ്‌സണ്‍), പഞ്ചായത്ത് സമിതി എന്നിവരുടെ നേതൃത്വത്തിലാണ് കമ്പളം സംഘടിപ്പിച്ചത്. റാഗി, ചാമ, തിന, ചോളം, വരഗ്, തുവര എന്നിവയാണ് കമ്പളത്തിന്റെ ഭാഗമായി കൃഷിയിറക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പളങ്ങള്‍ ഒരുക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയിച്ചു.

അഭിരാമി ജെ.എല്‍.ജിയുടെ കൃഷി സ്ഥലത്താണ് കമ്പളം നടത്തിയത്. കമ്പളത്തിന്റെ ഭാഗമായി അഞ്ചേക്കര്‍ സ്ഥലത്ത് വിവിധ ഭക്ഷ്യ വിളകള്‍ കൃഷിയിറക്കി. പാരമ്പര്യ ഭക്ഷ്യമേളയും വിത്ത് പ്രദര്‍ശനവുംസംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ഊര് മൂപ്പന്‍ രംഗന്‍, ഊര് സമിതി പ്രസിഡന്റ് പുഷ്പ, സെക്രട്ടറി വള്ളി, പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തി, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ് മനോജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ സൈജു, ഇ. കരുണാകരന്‍, കണ്‍സള്‍ട്ടന്റ് മീര, പാരാ പ്രൊഫെഷണല്‍ ഉഷ, ആനിമേറ്റര്‍ ഭുവന, സി.ആര്‍.പി. വിമല, എന്നിവര്‍ പങ്കെടുത്തു.