എല്ലാ മേഖലകളിലും തിളക്കമാർന്ന സാന്നിധ്യമായി മാറാൻ നമ്മുടെ പെൺകുട്ടികൾക്ക് സാധിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മണ്ണിൽ പെൺകുട്ടികളുടെ മികവുകൾ നന്നായി പ്രോത്സാഹിക്കപ്പെടുന്നു എന്നത് അഭിമാനകരമാണ്. മലയോര മേഖലയിൽ കുറെക്കൂടി പഠന, കായിക മികവുകൾ നമുക്ക് കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആര്യ .ആർ.എസ്, ദേശീയ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ തീർത്ഥ എസ്, പി എസ് സി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഒന്നാം റാങ്ക് നേടിയ സ്വാതി വി.സി, ഹോങ്കോങ്ങിൽ നടന്ന ബേസ് ബോൾ ഫെഡറേഷൻ ഓഫ് ഏഷ്യൻ കപ്പിൽ പങ്കെടുത്ത സൗജിൻസിയ, ഭൂട്ടാനിൽ നടന്ന സൗത്ത് ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഇന്ത്യൻ ടീം അംഗമായ ഹർഷ ബൈജു, മഹാരാഷ്ട്രയിൽ നടന്ന നാഷണൽ സബ് ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അർച്ചന.വി.കെ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് സൗദബീവി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഡി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു.