പെരിഞ്ഞനം ഗവ. യു പി സ്കൂളിന്റെ ആഭിമുഖ്യത്തിലൊരുങ്ങിയ ‘ചോദ്യം ഉത്തരം ‘ ഹ്രസ്വ ചിത്രത്തിന്റെ പാർട്ട് മൂന്ന് ശ്രദ്ധേയമാകുന്നു. മൂന്നാം തവണയും വ്യത്യസ്തമായ പ്രമേയത്തിലൂടെ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. എഫ് ആർ കെ റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരിയെ കുറിച്ചാണ് ചോദ്യം ഉത്തരത്തിന്റെ മൂന്നാം ഭാഗം ചർച്ചചെയ്യുന്നത്.
ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി എന്നതിനെ കുറിച്ച് വിശദമായി മനസിലാക്കി തരുന്നതിനോടൊപ്പം സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ അഭിനയ മുഹൂർത്തത്തിലൂടെയും അധ്യാപകരുടെ അവതരണ ഭംഗിയിലൂടെയും സിനിമ പറയുന്നത്. കുട്ടികൾക്ക് സൗജന്യമായി ലഭിക്കുന്ന ഉച്ചഭക്ഷണത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന ചില രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മികവാർന്ന ഒരു ബോധവൽക്കരണ സിനിമ കൂടിയാണിത്.
സ്കൂൾ പാഠഭാഗങ്ങളിലെ വിജ്ഞാനങ്ങൾക്കപ്പുറം പൊതുസമൂഹത്തിൽ അറിഞ്ഞിരിക്കേണ്ടതും അറിയിക്കേണ്ടതുമായ വിജ്ഞാനങ്ങളെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഒരുക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പരമ്പരയാണ് ചോദ്യം ഉത്തരം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയൂർ ധാര ക്ലീനിക്കിന്റെ സഹായ സഹകരണത്തോടെ പെരിഞ്ഞനം ഗവ.യു പി സ്കൂൾ ലീഡിങ് ലൈറ്റ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആശയവും സംവിധാനവും ഷെമീർ പതിയാശ്ശേരിയാണ് നിർവഹിച്ചിരിക്കുന്നത്.
അധ്യാപികമാരായ രാജശ്രീടീച്ചർ,സ്മിതടീച്ചർ,അഞ്ജു ടീച്ചർ, മുഹ്സീന ടീച്ചർ , വിദ്യാർത്ഥികളായ ബേബി സിദ്ദറത്തുൽ മുംതഹ, ബേബി അഞ്ജലി, ബേബി ദേവിനന്ദ, ബേബി അനയ, ബേബി വൈഗരി തുടങ്ങിവരാണ് അഭിനേതാക്കൾ.
പെരിഞ്ഞനം ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഷോർട്ട് ഫിലിമിന്റെ പ്രകാശനം ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. വിദ്യാലയത്തിന് ലഭിച്ച ഇന്ററാക്ടീവ് ഫ്ലാറ്റ് പാനലിന്റെ ഉദ്ഘാടനം പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് ഒ കെ നാസർ അധ്യക്ഷനായി. ചടങ്ങിൽ ഫുഡ് ക്വാളിറ്റി കൺട്രോൾ മാനേജർ ടി ആർ പ്രകാശൻ വിശിഷ്ടാതിഥിയായി . മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.