ഇനി മുതല്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം

പഴമ്പാലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടര്‍ എ.ടി.എം സ്ഥാപിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ വാട്ടര്‍ കിയോസ്‌ക് പദ്ധതിയിലൂടെയാണ് എ.ടി.എം സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാല്‍ അഞ്ച് ലിറ്റര്‍ സാധാരണ വെള്ളവും എ.ടി.എമ്മില്‍നിന്ന് ലഭിക്കും. കിണറില്‍നിന്ന് ഫില്‍റ്റര്‍ ചെയ്ത ശുദ്ധീകരിച്ച വെള്ളമാണ് നല്‍കുന്നത്. മണിക്കൂറില്‍ 500 ലിറ്ററും പ്രതിദിനം 3000 ലിറ്ററും സംഭരണശേഷിയുളള ടാങ്കില്‍ വെള്ളം കഴിയുന്നതിനനുസരിച്ച് സംഭരിക്കപ്പെടും.

പരിപാടി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷക്കീര്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. രാജശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെന്താമരാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പലത, വാര്‍ഡ് അംഗം എം. സന്ധ്യ, മെഡിക്കല്‍ ഓഫീസര്‍ വിനോജ്, സെക്രട്ടറി മാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.