ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ജൂലൈ ആറ് മുതൽ ജൂലൈ ഏഴ്‌ വരെ വൈകുന്നേരം നാല്‌
മണി വരെ നൽകാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ് മാറ്റത്തിനോ അപേക്ഷിക്കാം.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ മുഖ്യ അലോട്ട്‌മെന്റിനായി അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച യൂസർഐഡിയും (ഫോൺ നമ്പർ), പാസ്‌വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫേം ചെയ്യണം. അപ്പോൾ ലഭിക്കുന്ന പിഡിഎഫ് രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പ് വെച്ച് നിലവിൽ പ്രവേശനം നേടിയ സ്‌കൂളിലെ പ്രിൻസിപ്പലിന് നൽകണം. ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്‌മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർഥി ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ പ്രവേശനം നേടണം.