മന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകൾ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ ഫീൽഡ് പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ പരിശോധനകളും ഓൺലൈനായി മാത്രം നടത്തേണ്ടതാണെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇത് ഫലപ്രദമായി നടത്തുന്നതിനായാണ് വേഗതയുളള ടാബുകൾ ലഭ്യമാക്കിയത്.

നിലവിലുപയോഗിക്കുന്ന ടാബുകൾ വേഗത കുറവും കേടുപാടുകളും കാരണം പരിശോധനകളിൽ കാലതാമസം നേരിടുന്ന സാഹചര്യമുണ്ടായി. ഇത് പരിഹരിയ്ക്കുന്നതിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് 5 ജി സപ്പോർട്ടോടു കൂടിയുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ടാബുകൾ സജ്ജമാക്കിയത്. 100 ടാബുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 40 ടാബുകൾ ഉടൻ തന്നെ വിതരണം ചെയ്യും. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകൾക്ക് 98 കമ്പ്യൂട്ടറുകളും പ്രിന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. 19.42 ടാബുകൾക്കായി ലക്ഷം രൂപയും കമ്പ്യൂട്ടറുകൾക്കായി 62.72 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.