ദേശീയപാത 544ല് കുതിരാന് തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്ധിച്ച പശ്ചാത്തലത്തില് ഇതുവഴിയുള്ള ഗതാഗതത്തില് കൂടുതല് നിയന്ത്രണങ്ങള് വരുത്തുമെന്ന് ജില്ലാ കലക്ടര് വി ആര് കൃഷ്ണ തേജ അറിയിച്ചു. ശക്തമായ മഴയെ തുടര്ന്ന് പാര്ശ്വഭിത്തി കൂടുതല് ഇടിയുകയും റോഡിലെ വിള്ളല് വലുതാവുകയും ചെയ്ത സാഹചര്യത്തില് സുരക്ഷ മുന്നിര്ത്തിയാണ് തീരുമാനം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്ശിച്ച ശേഷമാണ് കൂടുതല് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്താന് തീരുമാനിച്ചത്.
ഇതുപ്രകാരം വിള്ളലുണ്ടായ ഭാഗത്ത് നിലവില് അനുവദിച്ചിരിക്കുന്ന ഒരു ലെയിനിലൂടെയുള്ള ഗതാഗതം ചെറുവാഹനങ്ങള്ക്ക് മാത്രമായി പരിമിതപ്പെടുത്തും. ട്രക്കുകള് ഉള്പ്പെടെയുള്ള വലിയ വാഹനങ്ങള് കുതിരാന് തുരങ്കം കഴിഞ്ഞ ഉടന് തൃശൂരില് നിന്ന് പാലക്കാട്ടേക്ക് വാഹനങ്ങള് പോകുന്ന ലെയിനിലൂടെ വഴിതിരിച്ചുവിടും. നാളെ (വ്യാഴം) രാവിലെ മുതല് നിയന്ത്രണം നിലവില് വരും. ഭാരമേറിയ വാഹനങ്ങള് വിള്ളലുണ്ടായ ഭഗത്തുകൂടി പോകുമ്പോഴുള്ള അപകടസാധ്യത കണക്കിലെടുത്താണ് തീരുമാനം. വിള്ളലുണ്ടായ വഴുക്കുംപാറ പ്രദേശത്ത് 500 മീറ്ററില് മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും ജില്ലാ കലക്ടര് അറിയിച്ചു.
സിറ്റി പോലിസ് കമ്മീഷണര് അങ്കിത് അശോകന്, തഹസില്ദാര് ടി ജയശ്രീ, ഡെപ്യൂട്ടി കലക്ടര്മാരായ പി അഖില് (എല്എ എന്എച്ച്), ഡോ. എം സി റെജില് (ദുരന്തനിവാരണം), ഒല്ലൂര് എസിപി പി എസ് സുരേഷ് തുടങ്ങിയവര് സന്ദര്ശന വേളയില് ജില്ലാ കലക്ടര്ക്കൊപ്പമുണ്ടായിരുന്നു.