കനത്ത മഴയിൽ ജില്ലയിൽ മൂന്ന് വീടുകൾ പൂർണ്ണമായും 51 വീടുകൾ ഭാഗികമായും തകർന്നു . ആളപായമില്ല. തൃക്കൂർ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് ചെറിയ മുഴക്കം അനുഭവപ്പെട്ടു. എന്നാൽ ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല.ചാവക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ മിന്നൽചുഴലി ഉണ്ടായി.
കൊടുങ്ങല്ലൂർ താലൂക്ക് പടിഞ്ഞാറേ വെമ്പല്ലൂർ വില്ലേജിൽ മുളങ്ങാട്ടു പറമ്പിൽ ജയൻ, കൊടുങ്ങല്ലൂർ കൂളിമുട്ടം വില്ലേജിൽ കളത്തിൽ പ്രസാദ്, തൃശ്ശൂർ താലൂക്കിൽ കൈനൂർ വില്ലേജിൽ കാട്ടിൽ സദാനന്ദൻ എന്നിവരുടെ വീടുകളാണ് കാറ്റിലും മഴയിലും പൂർണ്ണമായി തകർന്നത്.
കല്ലൂർ, തൃക്കൂർ വില്ലേജ് പച്ചിലിപ്പുറം, ആതൂർ, ഞെള്ളൂർ കോട്ടായി, മാവിൻചുവട് എന്നീ പ്രദേശങ്ങളിലാണ് ഇന്ന് രാവിലെ 8:20 ഓടെ ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടത്. കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ചാവക്കാട് മേഖലയിലെ  കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, മുനക്കടവ്, ബ്ലാങ്ങാട് ബീച്ച്, പുത്തൻകടപ്പുറം എന്നിവിടങ്ങളിലാണ് ശക്തമായ കടലേറ്റ മുണ്ടായത്. പ്രദേശത്തുള്ള മൂന്ന് കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നിർദേശം നൽകി. ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിൽ രാവിലെ 10.30 യോടു കൂടിയാണ് മിന്നൽച്ചുഴലി ഉണ്ടായത്. ചാലക്കുടി താലൂക്കിലെ മേലൂർ, പരിയാരം, കിഴക്കേ ചാലക്കുടി, ആളൂർ എന്നീ വില്ലേജുകളിലും മുകുന്ദപുരം താലൂക്കിലെ കാട്ടൂർ വില്ലേജിലുമാണ് ശക്തമായ കാറ്റുണ്ടായത്. കൃഷി സ്ഥലങ്ങൾക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് വീതം സംഭവസ്ഥലത്തെത്തി. കടപുഴകി വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റി. ഗതാഗത തടസ്സം നീക്കി.നിലവിൽ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.