മഴക്കെടുതിയുമായ് ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ കാനത്തില്‍ ജമീല എം.എല്‍.എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായാണ് കൊയിലാണ്ടി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ന്നത്. മണ്ഡലത്തിൽ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും മറ്റുമായി വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, നഗരസഭാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത്, കെ.ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ രാമചന്ദ്രന്‍ കുയ്യണ്ടി, പി വേണു, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഭാസ്കരന്‍.ടി.കെ, ആര്‍ വിശ്വന്‍, പ്രനില സത്യന്‍, ബേബി സുന്ദര്‍രാജ്, മറ്റ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കരാറുകാർ, എന്നിവര്‍ പങ്കെടുത്തു.