കനത്ത മഴയിൽ വെള്ളം കയറിയതിനെതുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കന്ററി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ, തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്‌കൂളിൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്.
അഴീക്കോട് വെള്ളം കയറിയ പ്രദേശങ്ങളിലെ 125 ഓളം പേരെ നിലവിൽ മാറ്റിപാർപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്യാമ്പുകൾ കെ വി സുമേഷ് എം എൽ എ സന്ദർശിച്ചു. തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണ് ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചത് നിലവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മാത്രമാണ് ഇവിടെയുള്ളത്.
ജില്ലയിൽ ഏഴിനും എട്ടിനും മഞ്ഞ അലേർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജൂലൈ ഏഴ്, എട്ട് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഏഴിനും മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ എട്ടിനും മഞ്ഞ അലേർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് മഞ്ഞ അലേർട്ട് പ്രകാരം ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്