പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി 2022-23 ടി.എസ്.പി ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ മത്സരപരീക്ഷ പരിശീലനം മുന്നേറുന്നു. പി.എസ്.സി, ബാങ്കിങ്, റെയില്‍വേ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളെ തയ്യാറാക്കുകയാണ് ജോബ് സ്‌കൂളിന്റെ ഉദ്ദേശ്യം. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച കഞ്ചിക്കോട് ശില്‍പി കേന്ദ്രത്തില്‍ ദുര്‍ഘട മേഖലകളില്‍നിന്നും 45 പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളെ ഉള്‍പ്പെടുത്തിയാണ് പരിശീലനം. സ്ഥാപനത്തില്‍നിന്ന് മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ വ്യത്യസ്ത ഹോസ്റ്റലുകളിലായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏപ്രില്‍ മുതല്‍ പറമ്പിക്കുളം, നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളില്‍നിന്നുള്ള പരിശീലനാര്‍ത്ഥികളുമായി പരിശീലനം നടന്നു വരുന്നുണ്ട്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം. 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്ലസ് ടു ആണ് യോഗ്യത. 50 പേരെ വരെ ഉള്‍ക്കൊള്ളിച്ച് പത്തുമാസത്തേക്കാണ് ഒരു ബാച്ചിന്റെ പരിശീലനം ഉദ്ദേശിക്കുന്നത്. തുടര്‍പ്രവര്‍ത്തനമായി അടുത്ത ബാച്ചിലേക്ക് സ്‌ക്രീനിങ് ടെസ്റ്റ് ചെയ്ത് നിലവിലെ ബാച്ചിലെ ഉദ്യോഗാര്‍ത്ഥികളെ വീണ്ടും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും തുടര്‍ന്നുവരുന്ന ബാച്ചുകളിലേക്കായി അപേക്ഷ ക്ഷണിക്കുമെന്നും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം. ഷമീന അറിയിച്ചു.
അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ കാണുമ്പോള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷകള്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ എത്തിക്കണമെന്നും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.