*ഉദ്ഘാടനം തിങ്കളാഴ്ച: മന്ത്രി ഡോ. ആർ ബിന്ദു

*നവീന സജ്ജീകരണങ്ങളോടെ കോൾ സെന്ററിനും തുടക്കം


പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ കാര്യാലയം ജൂലൈ 10 മുതൽ തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്‌സിന്റെ എഴാം നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പ്രവേശന പരീക്ഷ സംബന്ധിച്ച സംശയനിവാരണത്തിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കോൾ സെന്ററിനും (IGRHIS) അന്ന് തുടക്കമാവും.

 ജൂലൈ 10 തിങ്കളാഴ്ച  ഉച്ചയ്ക്ക് രണ്ടിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പുതിയ കാര്യാലയവും കോൾസെന്ററായ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് ഹെൽപ്ലൈൻ ഇൻഫർമേഷൻ സിസ്റ്റവും (IGRHIS) ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.

നിലവിൽ തിരുവനന്തപുരം ശാന്തിനഗറിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിന്റെ അഞ്ചാം നിലയിൽ  പ്രവർത്തിച്ചു വരുന്ന കാര്യാലയത്തിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും പൊതുജനങ്ങൾക്ക് അനായാസേന എത്തിച്ചേരാനുമാണ് കാര്യാലയ മാറ്റം.