ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും, സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 8 മുതൽ 12 വൈകിട്ട് നാലു മണി വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിന് സൗകര്യമുണ്ട്.

അപേക്ഷ നൽകുന്നതിന് പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ലെ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) അഡ്മിഷൻ കാൻഡിഡേറ്റ് ലോഗിൻ തയ്യാറാക്കിയ ശേഷം അപേക്ഷാ സമർപ്പിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അപേക്ഷയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ നടത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം.