പുരസ്‌കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ പുരസ്‌കാരസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്വേഷത്തിന്റെയും മത്സരങ്ങളുടെയും ലോകത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നതിനാണ് കല യത്നിക്കുന്നത്. മികച്ച കലാകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കുമ്പോൾ നമ്മളും ആദരിക്കപ്പെടുകയാണ്. കലാകാരന്മാരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന ആർക്കൈവ്സ് ശക്തിപ്രാപിക്കണമെന്നും മന്ത്രി പറഞ്ഞു.

അക്കാദമി പുതുതായി നിർമ്മിച്ച പ്രസിദ്ധീകരണവിഭാഗം ആസ്ഥാനമന്ദിരത്തിന്റെയും  അക്കാദമിവളപ്പിലെ പ്ലാവുദ്യാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

അക്കാദമിയുടെ ഫെലോഷിപ്പ് മൂന്നു പേർക്കും അവാർഡ് 17 പേർക്കും ഗുരുപൂജ പുരസ്‌കാരം 22 പേർക്കും സമർപ്പിച്ചു. ചടങ്ങിൽ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി,  ടി.ആർ.അജയൻ തുടങ്ങിയവർ പങ്കെടുത്തു.