സംസ്ഥാനത്ത് പുതിയതായി 127 ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈൽ സർജറി യൂണിറ്റും ഓണസമ്മാനമായി നൽകുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡോക്ടറും മരുന്നും പരിചരണവും അടങ്ങുന്ന മൊബൈൽ യൂണിറ്റുകൾ കർഷകർക്ക് അടുത്തെത്തും. ക്ഷീരകർഷകർക്ക് ഏതു രാത്രിയിലും സഹായകമാവുക, വീട്ട് മുറ്റത്ത് സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീര സാന്ത്വനം പദ്ധതി, പശുക്കൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി, ഇ- സമ്യദ്ധ പദ്ധതി തുടങ്ങി ക്ഷീരകർഷകർക്കായി ഒരുക്കിയ ബൃഹത്തായ സേവന പദ്ധതികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.

ക്ഷീര കർഷകരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന മൃഗാശുപത്രി കെട്ടിടം 93.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. റെക്കോർഡ് റൂം, ഓഫീസ് റൂം ഓപ്പറേഷൻ തിയേറ്റർ, സ്മോൾ അനിമൽ എക്സറേ റൂം, പോസ്റ്റ് ഓപറേഷൻ കെയർ റൂം, ഫ്രണ്ട് ഓഫീസ്, ഒ പി രജിസ്ട്രേഷൻ, ടോയ്ലറ്റുകൾ ഉൾപ്പെടെ മികച്ച നിലവാരത്തിലാണ് കെട്ടിടം സജ്ജമാക്കിയത്.

ചാലക്കുടിയിലെ മികച്ച ക്ഷീര കർഷകനായ കെ വി ജയൻ, കോൺട്രാക്ടർ മുഹമ്മദ് മുത്ത് ഇബ്രാഹിം, ചാലക്കുടി പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ ഡോളി ജോസഫ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ പടന്നകാട് കാർഷിക കോളേജിലെ അനിമൽ ഹസ്ബന്ററി വിഭാഗം അസി. പ്രൊഫസർ ഡോ. ടി ഗിഗിൻ സെമിനാർ അവതരിപ്പിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഫ്രാൻസിസ് ബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് കെട്ടിടം വിഭാഗം ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ആൻറ്റണി റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അദ്ധ്യക്ഷനായി. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോർജ് തോമസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെർപേഴ്സൺ ജിജി ജോൺസൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപു ദിനേശ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ ആന്റണി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസി സുനിൽ, വാർഡ് കൗൺസിലർ നിത പോൾ,
ചാലക്കുടി ഡയറി എക്സ്റ്റൻഷൻ ഓഫീസർ സെബിൻ പി എഫ്, ക്ഷീര വ്യവസായ സംഘം പ്രസിഡന്റ് പ്രസൂൺ എം ബി, ചാലക്കുടി സീനിയർ വെറ്റിനറി സർജൻ മോളി ആന്റണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.