കാലാവസ്ഥാ വ്യതിയാനത്തെ ആത്മവിമർശനപരമായി സമീപിക്കണം: കെ രാജൻ

കാലാവസ്ഥ പ്രവചനാതീതമായി മാറുന്ന കാലത്ത് ആത്മവിമർശനപരമായി പ്രകൃതിയെ കാണാൻ ശ്രമിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പീച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ധനസഹായത്തോടെ നിർമ്മിച്ച വെതർ സ്റ്റേഷന്റെ ഉദ്ഘാടനവും വിജയോത്സവവും റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്രതലത്തിലുള്ള കാലാവസ്ഥാ പഠനങ്ങൾക്ക് പോലും കൃത്യമായി കണ്ടെത്താൻ കഴിയാത്ത വ്യതിയാനങ്ങൾ ആണ് കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വെതർ സ്റ്റേഷൻ വ്യതിയാന പഠനങ്ങൾ നടത്തുന്നതോടൊപ്പം വിദ്യാർത്ഥികളിൽ മികച്ച അവബോധം സൃഷ്ടിക്കാനും സാഹചര്യം ഒരുക്കുന്നുണ്ട്. സ്കൂളുകൾ തോറും വെതർ സ്റ്റേഷനുകൾ രൂപീകരിക്കുന്നത് നാടിന് മുതൽകൂട്ടാണ്. ഇത്തരം മുന്നേറ്റങ്ങൾക്ക് സാമ്പത്തിക പിന്തുണ സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രിക്കൂട്ടി ചേർത്തു.

2018ലെ പ്രളയ സമയത്ത് കേന്ദ്ര ഏജൻസിയായ ഐഎംഡിയെ മാത്രം ആശ്രയിച്ചായിരുന്നു നമ്മുടെ കാലാവസ്ഥാ നിരീക്ഷണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ വിവിധ രാജ്യാന്തര ഏജൻസികളെ കൂടി ആശ്രയിച്ച് കാലാവസ്ഥാ നിരീക്ഷണം കുറ്റമറ്റ രീതിയിലാക്കാൻ സാധിച്ചു. ഏറ്റവും കൃത്യമായ വിവരങ്ങൾ മുൻകൂട്ടി പ്രവചിക്കാനും അതിനനുസരിച്ച് മുൻകരുതലെടുക്കാനും കഴിയുന്ന രീതിയിൽ ഇന്ന് സംസ്ഥാനം സജ്ജമായെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ, കാർഷിക, വനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ ഗവേഷണങ്ങളുടെ കേന്ദ്രമായി പീച്ചി മാറുകയാണെന്നും കാലാവസ്ഥയെ അറിഞ്ഞ് ജീവിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാപകമായി സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി ശശിധരൻ പദ്ധതി വിശദീകരിച്ചു. ബിആർസി ട്രെയിനർമാരായ സുനിൽ ജോൺ, ബാബു തോമസ്, അജിത മോഹൻദാസ്, ആരിഫ് റാഫി, രേഷ്മ, സുകുമാരൻ, പിടിഎ പ്രസിഡണ്ട് മുബീന നസീർ, മദർ പിടിഎ പ്രസിഡന്റ് വിൻസി ജിമ്മി, സ്കൂൾ വികസന സമിതി ചെയർമാൻ ചാക്കോ അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എ ഗിരീശൻ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ എം ഡെയ്സി നന്ദിയും പറഞ്ഞു.