പുനർനിർമാണം തുടങ്ങി, 120 ദിവസം സമയം മാത്രം
ദേശീയപാത 544ൽ കുതിരാന് സമീപം വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ട ഭാഗത്ത് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. റവന്യു മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
വ്യാഴാഴ്ച നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച രാവിലെ തന്നെ റോഡിൻ്റെ വിള്ളൽ വീണ ഭാഗം പൊളിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. റോഡ് സേഫ്റ്റി അതോറിറ്റി, പാലക്കാട് ഐഐടി, തൃശൂർ എൻജിനീയറിംഗ് കോളേജ്, ദേശീയപാത അതോറിറ്റി പ്രതിനിധികൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ മന്ത്രി കെ രാജൻ എൻഎച്ച് പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധുവുമായി ചർച്ച ചെയ്തു.

റോഡിൻ്റെ മധ്യഭാഗത്തുള്ള മീഡിയനിൽ എത്തിച്ചേരുന്ന ജലം കൃത്യമായി പാത്തിയിലൂടെ പുറത്തേക്ക് പോകുന്നത് ഉറപ്പാക്കണമെന്ന് നിർദേശം നൽകി. മീഡിയനിൽ ജലം ഇല്ലാത്തപ്പോഴും ഇതുവഴി പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത് ഗൗരവമായി പരിശോധിക്കാനാവശ്യപ്പെട്ടു. മീഡിയനിൽ നിന്നുള്ള പൈപ്പുകളുടെ ലീക്കേജോ മണ്ണിനടിയിലെ ഉറവകളോ ആവാം കാരണമെന്നും പാർശ്വഭിത്തി പൊളിച്ചുനീക്കലിൽ ഇത് വ്യക്തമാവുമെന്നും പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ മണ്ണ് പരിശോധനയ്ക്കായി ഐഐടി സംഘം എത്തുമെന്നും മന്ത്രി അറിയിച്ചു.

വഴുക്കുംപാറയിൽ തൃശൂരിലേക്കുള്ള റോഡ് പൂർണമായും ഗതാഗതം നിരോധിച്ച് വലതുവശത്തെ ഒറ്റവരിയിലൂടെയാക്കിയിട്ടുണ്ട്. പൊലീസിൻ്റെ കൃത്യമായ ഇടപെടൽ കൊണ്ട് ഇതുവരെ കുതിരാനിൽ ബ്ലോക്കുണ്ടായിട്ടില്ല. അടുത്ത രണ്ട് അവധിദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിക്കും.
നിലവിൽ നടത്തിയ പരിശോധനയിൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയതായി ദേശീയപാത അതോറിറ്റി കണ്ടെത്തുകയും കരാർ കമ്പനിക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
റോഡ് പുനർനിർമാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം പ്രവൃത്തി പൂർത്തിയാക്കാത്ത പക്ഷം ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ജില്ലാ കലക്ടർ കരാർ കമ്പനിക്ക് നോട്ടീസ് നൽകി.
മഴ കുറയുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി എൻഎച്ച്എഐക്ക് രണ്ട് ദിവസം സമയം കൊടുത്തിട്ടുണ്ട്. എല്ലാ ആഴ്ചയും നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടറേയും സിറ്റി പൊലീസ് കമ്മീഷണറെയും ചുമതലപ്പെടുത്തി. വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എല്ലാ ആഴ്ചയും റോഡ് സേഫ്റ്റി അതോറിറ്റി പരിശോധന നടത്തുന്നതിന് നിർദേശം കൊടുത്തു.