സർക്കാരിന്റെ കൂടെ ജനങ്ങൾ കൂടി ചേർന്നാലേ ലൈഫ് ഭവനപദ്ധതി ഒരു ജനകീയ പ്രസ്ഥാനമായി മാറുകയുള്ളൂവെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എം സി എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ്മിഷൻ വീടുകളുടെ താക്കോൽ ദാനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും ജനങ്ങളാകെതന്നെയും ലൈഫ്മിഷൻ പദ്ധതിയുമായി സഹകരിക്കണം. വ്യക്തി ശുചിത്വകാര്യത്തിൽ മുൻപന്തിയിലാണെങ്കിലും പരിസര ശുചിത്വത്തിൽ പിറകിലാണ് മലയാളി സമൂഹം. മാലിന്യ സംസ്‌കരണത്തിൽ ഹരിത കർമ്മ സേനയുമായി സഹകരിക്കണം. അവർക്കാവശ്യമായ യൂസേഴ്‌സ് ഫീ നൽകണമെന്നും സ്പീക്കർ പറഞ്ഞു. ആറ് കുടുംബങ്ങൾക്കുള്ള ലൈഫ്മിഷൻ വീടുകളുടെ താക്കോൽദാനവും സ്പീക്കർ നിർവഹിച്ചു.
145 ചതുരശ്ര മീറ്ററിൽ 30 ലക്ഷം രൂപ ചെലവിലാണ് മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കെട്ടിടം നിർമ്മിച്ചത്. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, പഞ്ചായത്തംഗം ടി എ ഷർമി രാജ്, പഞ്ചായത്ത് സെക്രട്ടറി കെ എ ലസിത, മറ്റ് ജനപ്രതിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.