പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ‘കരുതലും കൈത്താങ്ങും’ അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിലെ പുരോഗതി അവലോകനം ചെയ്യാനായി ചേർന്ന ജില്ലാതല ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ധാരണയുണ്ടെങ്കിൽ ജനങ്ങളുടെ പരാതികൾ തന്നെ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിൽ ഓരോ വകുപ്പും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പരസ്പരം വാദിക്കരുത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ വകുപ്പുകൾ വിഷയങ്ങൾ കൈകാര്യം ചെയ്യണം. പരാതികൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണം.

ഓരോ വകുപ്പിലും പുതിയ ഉദ്യോഗസ്ഥർ ചാർജെടുക്കമ്പോൾ അതുവരെയുള്ള കാര്യങ്ങൾ പഠിക്കണം. ഒരു വകുപ്പിന് കിട്ടിയ പരാതി മറ്റൊരു വകുപ്പിന് കൈമാറുമ്പോൾ കൈമാറിക്കിട്ടിയ വകുപ്പ് അതിൽ എന്തുചെയ്തുവെന്ന തുടർഅന്വേഷണം കൂടി നടത്തണം. ആഗസ്റ്റ് 15ന് മുമ്പായി അവശേഷിക്കുന്ന പരാതികളും തീർപ്പാക്കാൻ കഴിയണം. സെപ്റ്റംബർ നാലിന് കോഴിക്കോട്ട് മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അദാലത്ത് നടക്കും. പരാതികൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനൊപ്പം ഓരോ വകുപ്പിനും ചെയ്യാൻ കഴിയുന്ന വികസന പ്രവർത്തനങ്ങൾ, എന്തൊക്കെ തടസ്സങ്ങൾ പരിഹരിക്കണം എന്നിവ കൂടി അതിലേക്കായി സമർപ്പിക്കണം. അവലോകന യോഗത്തിൽ ഹാജരാവാതെ അവഗണിച്ച വകുപ്പുകൾൾക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി.താലൂക്ക് തല അദാലത്തുകളിൽ ജില്ലയിൽ ഓൺലൈനായും നേരിട്ടും ആകെ 5141 പരാതികൾ ലഭിച്ചിരുന്നു. ഇതിൽ 1836 പരാതികൾ വിവിധ കാരണങ്ങളാൽ നിരസിച്ചു. ആകെ 3305 പരാതികളാണ് മന്ത്രിമാർ പങ്കെടുത്ത അദാലത്തിന്റെ തുടർനടപടികൾക്കായി പരിഗണിച്ചത്. ഇതിൽ ആകെ 1565 പരാതികൾ അദാലത്തിൽവെച്ചും തുടർനടപടികളുടെ ഭാഗമായും തീർപ്പാക്കി. 1740 പരാതികൾ വിവിധ വകുപ്പുകളുടേതായി തീർപ്പാക്കാൻ ബാക്കിയുണ്ട്. ഇതിൽ 54 പരാതികൾ സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളേണ്ടവയാണ്.

ഇരിട്ടി താലൂക്കിൽ 31, കണ്ണൂർ താലൂക്കിൽ എട്ട്, തലശ്ശേരി താലൂക്കിൽ ഏഴ്, പയ്യന്നൂർ താലൂക്കിൽ ഏഴ്, തളിപ്പറമ്പ് താലൂക്കിൽ ഒന്ന് പരാതികളാണ് സർക്കാറിന്റെ തീരുമാനത്തിന് സമർപ്പിച്ചത്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ പങ്കെടുത്താണ് അഞ്ച് താലൂക്കുകളിലും അദാലത്തുകൾ നടത്തിയത്.
കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ,  സബ് കലക്ടർ സന്ദീപ് കുമാർ, അസി. കലക്ടർ അനൂപ് ഗാർഗ്, എഡിഎം കെ കെ ദിവാകരൻ, ജില്ലാ തല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.