‘നഴ്സിംഗ് മേഖലയിലേക്ക് വരാൻ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചതാണ്. അന്നു നടന്നില്ല. പക്ഷെ ഇന്ന് ഞാനൊരു ഹോം നഴ്സാണ്’-ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം 52ാം വയസ്സിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പടമ്പ സ്വദേശിനി കെവി പുഷ്പ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഹോംനഴ്സിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കി കർമരംഗത്ത് സജീവമാവുകയാണ് പുഷ്പ.

ഈ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി വരുത്തുന്നതിനും വനിതകൾക്ക് തൊഴിൽ മാർഗം നൽകുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹോംനഴ്സിംഗ് പരിശീലനവും പ്ലേസ്മെന്റ് സെല്ലും രൂപീകരിച്ചത്. സാന്ത്വന പരിചരണ രംഗത്ത് താൽപര്യമുള്ള വനിതകളെ കണ്ടെത്തി പ്ലേസ്മെന്റ് സെൽ രൂപീകരിച്ചു. നാലുമാസത്തെ വിദഗ്ധ പരിശീലനം നൽകി. പ്രസവാന്തര ശുശ്രൂഷ, കിടപ്പ് രോഗികളുടെ പരിചരണം തുടങ്ങി എല്ലാംസ്വായത്തമാക്കിയാണ് ഇവർ കർമരംഗത്തേക്കിറങ്ങിയത്. വിദഗ്ധരായ ഡോക്ടർമാരും നഴ്സുമാരും ഇവർക്കാവശ്യമായ ക്ലാസുകൾ നൽകി.

ആശുപത്രികൾ, ഐ ആർ പി സി, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനവും നേടി. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും യൂണിഫോമുകളും നൽകി.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പ്ലേസ്മെന്റ് സെൽവഴി കൂടുതൽ പേർക്ക് പരിശീലനം നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് ഹോം നഴ്സിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. ബ്ലോക്ക് പഞ്ചായത്തിന്റെ മാത്തിൽ ഐ ആർ പി സി കേന്ദ്രവുമായി ചേർന്നാണ് പ്ലേസ്മെന്റ് സെൽ പ്രവർത്തിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പർ: 9446697468.