പ്രളയത്തോടെ കേരളം നശിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ സംസ്ഥാനത്ത് നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച എ.വി. മുക്ക്- ശാര്‍ങ്ങക്കാവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്ന റോഡുകളെ അതുപോലെ നവീകരിക്കുകയല്ല മറിച്ച് കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചതിലൂടെ സര്‍ക്കാരിനു 37,000 കോടി രൂപയുടെ നഷ്ടമുണ്ടായി. എങ്കിലും മാസംതോറുമുള്ള ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വായ്പയെടുത്താണ് റീ ബില്‍ഡ് കേരളയ്ക്കു വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ജനങ്ങള്‍ക്കായി സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ ജനങ്ങളും ബാധ്യസ്ഥരാണ്. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് പൊലെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകും.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 2.82 കോടി രൂപ ചെലവഴിച്ചാണ് എ.വി മുക്ക്- ശാര്‍ങ്ങക്കാവ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡുകള്‍ക്ക് കൂടുതല്‍ ഉറപ്പും ദൃഢതയും നല്‍കാന്‍ കഴിയുന്ന എം 40 കോണ്‍ക്രീറ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 1.48 കിലോമീറ്റര്‍ നീളത്തിലും 3.75 മീറ്റര്‍ വീതിയിലുമാണ് റോഡ് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു കലുങ്ക്, ഗതാഗത സൂചികകള്‍ തുടങ്ങി മറ്റ് അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.