സമൂഹത്തിലെ വിപത്തുകളായ മയക്കുമരുന്നും മാലിന്യവും തുടച്ചുനീക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാവേലിക്കര എക്സൈസ് കോംപ്ലക്സ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരിയും മാലിന്യവും ജനപിന്തുണയോടെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഹരിവിരുദ്ധ ജാഗ്രത സമിതികളും മാലിന്യ നിര്‍മാര്‍ജന ജാഗ്രത സമിതികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിലൂടെ ഈ വിപത്തുകളെ തുടച്ചു നീക്കാന്‍ കഴിയും. നിയമത്തോടൊപ്പം സാമൂഹിക ജാഗ്രതയും അനിവാര്യമാണ്. ലഹരി വസ്തുക്കളുടെ വിതരണത്തിന്റെ കണ്ണികളായിട്ടുള്ളവരുടെ പട്ടിക രൂപീകരിച്ചിട്ടുണ്ട്. സ്ഥിരമായി ലഹരി വിതരണം നടത്തുന്ന കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വെക്കും. സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.

കുറ്റവാളികള്‍ രക്ഷപെടുന്നത് ഒഴിവാക്കാന്‍ എന്‍.ഡി.പി.എസ്. നിയമത്തില്‍ ഭേദഗതി വരുത്താനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിക്ക് അടിമയാകുന്നവരെ ഇരകളായാണ് കണക്കാക്കുന്നത്. ഇവരെ ലഹരിയില്‍ നിന്നും മോചിപ്പിക്കാനായി അനുകമ്പയോടെയുള്ള സമീപനമാണ് എക്സൈസ് വകുപ്പ് സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന വിമുക്തി കേന്ദ്രങ്ങളിലൂടെ ഇവരെ പുനരധിവസിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 2.47 കോടി രൂപ ചെലവഴിച്ചാണ് മാവേലിക്കര എക്സൈസ് കോംപ്ലക്സിലെ പുതിയ മന്ദിരം നിര്‍മിക്കുന്നത്.

എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, മുന്‍ എം.എല്‍.എ. ആര്‍.രാജേഷ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജില്ല പഞ്ചായത്ത് അംഗം ജി. ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, ഗ്രാമപഞ്ചായത്ത് അംഗം മഹേഷ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പ്രസന്ന ഷാജി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ എസ്. വിനോദ്കുമാര്‍, ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍ പി.കെ. സനു, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റംലാബീവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.