ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂവാറൻതോട്, കല്ലംപുല്ല് ഡ്രീം ഏക്കേഴ്സിൽ നിർവഹിക്കുകയായിരുന്നു മന്ത്രി .

ഒരു പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് ഫാം ടൂറിസം കാരണമാവും. ടൂറിസത്തെ കൂടുതൽ ജനകീയമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങൾക്ക് ടൂറിസം ഗുണകരമാകണം.

പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങായി ടൂറിസം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതോടുകൂടി മലയോര മേഖലയിലും നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുക, പുതിയ വിപണനം സാധ്യത വർദ്ധിപ്പിക്കുക, സമൂഹത്തിലെ മറ്റുള്ളവരെ കൂടി കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുക, ടൂറിസം മേഖലയിൽ ഗുണകരമായ മാറ്റം കാർഷിക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുക, തുടങ്ങിയവയാണ് ഫാം ടൂറിസം പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉൾപ്പെടുത്തി ന്യൂതന സംയുക്ത പ്രോജക്ട് ആയാണ് പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയത്. കൊടുവള്ളി

ബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.