ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രയാസങ്ങൾ വേഗത്തിൽ മറികടക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോടഞ്ചേരി പഞ്ചായത്തിലെ നവീകരിച്ച ഈങ്ങാപ്പുഴ – ഓമശ്ശേരി റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്. പദ്ധതിയുടെ 25 ശതമാനം തുകയാണ് കേരള സർക്കാർ ചെലവഴിക്കുന്നത്. ഏകദേശം 5600 കോടി രൂപ. പ്രവൃത്തി വേഗത്തിലാക്കി 2025 ഓടെ ദേശീയപാത തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രത്യേകം യോഗം വിളിച്ചു ചേർത്തതായും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിനെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ ഓമശ്ശേരി റോഡിന്റെ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള നവീകരണ പ്രവൃത്തിയാണ് പൂർത്തിയായത്. 7.50 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.6.1 കിലോമീറ്റർ ദൂരത്തിലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി.കെ റിപ്പോർട്ട് അവതരണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ഷിൻജോ തൈക്കൻ, സൂപ്രണ്ട് എൻജിനീയർ ജയശ്രീ യു.പി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.