സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചെന്ന് തുറമുഖം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന വയറിളക്കരോഗ നിയന്ത്രണ ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് ലൈഫ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.

പെരുമണ്ണ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങളിലായി 63 പേരാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണം പൂർത്തീകരിച്ചത്. വയറിളക്കരോഗ നിയന്ത്രണ ബോധവൽകരണ പരിപാടിയുടെ ഭാഗമായി പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രാധിക കൈമൾ ക്ലാസെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ. കെ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.കെ ഷാജി, ജില്ലാ സർവൈവൻസ് ഓഫീസർ ഡോ. വി.ആർ ലതിക, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് സ്വാഗതവും മാസ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.