വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ പ്രായോഗികവും ജനകീയവും സമസ്ത മേഖലയില്‍ നിന്നുള്ള പരിശീലനവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കരയില്‍ ജൂലൈ 20ന് നടത്തുന്ന‘യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ഇന്നവേഷന്‍ മീറ്റ് 23’ (വൈ ഐ പി ) ന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈ ഐ പി ക്ലബ്ബിന്റെ സംസ്ഥാനതല ലോഗോ പ്രകാശനം, വൈ ഐ പി വിജയികളെ പ്രഖ്യാപിക്കല്‍ തുടങ്ങിയ പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സമിതിയില്‍ ചെയര്‍പേഴ്സണായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, വൈസ് ചെയര്‍പേഴ്സണ്‍- കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ രമേശ്, ജനറല്‍ കണ്‍വീനര്‍ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കണ്‍വീനര്‍-കെ ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളജിയേറ്റ് എഡ്യൂക്കേഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍, ഹയര്‍സെക്കന്‍ഡറി വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജ്, എഴുകോണ്‍ ടി കെ എം ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊട്ടാരക്കര കോളജ് ഓഫ് എന്‍ജിനീയറിങ്, എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്, കൊട്ടാരക്കര യു ഐ ടി എന്നീ സ്ഥാപനമേധാവികള്‍ അംഗങ്ങള്‍.
യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ഇന്നവേഷന്‍ മീറ്റ് ജൂലൈ 20ന് രാവിലെ 10ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കര ജൂബിലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസമായി നടത്തുന്ന പരിപാടില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈ ഐ പി വിജയികള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍, ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരത്തോളം പേര്‍ പങ്കെടുക്കും.